
3:45 PM ടാറ്റ എഐജി മെഡികെയർ സെലക്ട് വിപണിയിലവതരിപ്പിച്ചു
2:23 PM ഏലത്തോട്ടത്തിലെ കുഴിയില് കടുവ, ഒപ്പം നായയും; മയക്കുവെടി വെക്കാനൊരുങ്ങി വനംവകുപ്പ്
9:45 AM: എറണാകുളം പിറവത്ത് നിന്ന് കാണാതായ പാമ്പാക്കുട ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയെ കണ്ടെത്തി.
കോയമ്പത്തൂരിൽ നിന്നും കുട്ടി വീട്ടിലേക്ക് വിളിച്ചു.
പാലക്കാടുള്ള ബന്ധുക്കൾ കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു. കുട്ടിയെ വീട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.
തിങ്കളാഴ്ച സ്കൂളിലേക്കെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വിദ്യാർത്ഥി തിരിച്ചെത്താതായതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു
മാതാപിതാക്കൾ വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മകൻ വീട്ടിലെത്തിയില്ലെന്ന കാര്യം അറിഞ്ഞത്.
അന്വേഷണത്തിൽ വിദ്യാർത്ഥി സ്കൂളിലെത്തിയിരുന്നില്ലെന്നും ബോദ്ധ്യപ്പെട്ടിരുന്നു. അന്ന് വൈകിട്ട് കുട്ടി പേപ്പതിയിൽ ബസിറങ്ങിയെന്ന് സ്വകാര്യ ബസ് കണ്ടക്ടർ നൽകിയ വിവരത്തെ തുടർന്ന് അവിടെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
9:30 AM: വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്.
ബന്ധുക്കളായ കുട്ടികളാണ് ഇന്നലെ മീൻ പിടിച്ച് മടങ്ങുന്നതിനിടെ അപകടത്തിൽ പെട്ടത്. ഒരു വിദ്യാർത്ഥി മരിച്ചു. ആമാടൻ സുരേഷ്, ശോഭ ദമ്പതികളുടെ മകൻ മണിമൂളി സികെഎച്ച്എസ് പത്താം ക്ലാസ് വിദ്യാർത്ഥി ജിത്തു എന്ന് വിളിക്കുന്ന അനന്തുവാണ് മരിച്ചത്. കെഎസ്ഇബി ലൈനിൽ നിന്ന് നേരിട്ട് പന്നിക്കെണിയിലേക്ക് വൈദ്യുതിക്കായി ലൈൻ വലിച്ചുവെന്നും ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നുമാണ് ലഭിക്കുന്ന വിവരം.
അഞ്ച് കുട്ടികളിൽ നാല് പേർക്കാണ് വൈദ്യുതാഘാതമേറ്റത്. ഇവരിൽ രണ്ട് പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. സംഭവത്തിൽ സർക്കാർ വീഴ്ച ആരോപിച്ച് സമരവുമായി രംഗത്തിറങ്ങിയ കോൺഗ്രസ് പ്രവർത്തകർ രാത്രി സംസ്ഥാന പാത ഉപരോധിച്ചു.
വന്യജീവി ശല്യം രൂക്ഷമായത് കൊണ്ടാണ് ഇത്തരത്തിലുള്ള ഫെൻസിങ് സ്ഥാപിക്കാൻ ആളുകൾ നിർബന്ധിതരാകുന്നതെന്നും വൈദ്യുതി ലൈനിൽ നിന്ന് പന്നിക്കെണിയിലേക്ക് വൈദ്യുതിക്കായി ലൈൻ വലിച്ചതിൽ കെഎസ്ഇബിയുടെ ഭാഗത്തും വീഴ്ചചയുണ്ടെന്നും കോൺഗ്രസ് വിമർശിക്കുന്നു.
9:20 AM: നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതികരണവുമായി വനം മന്ത്രി എ.കെ. ശശീന്ദ്രൻ.
സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കെണിയിൽ നിന്നാണ് വിദ്യാർഥിക്കടക്കം ഷോക്കേറ്റതെന്നും വനംവകുപ്പിനോ സർക്കാറിനോ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. അപകടം നടന്നത് ഖേദകരമാണ്. സംഭവത്തെ രാഷ്ട്രീയവത്കരിക്കാൻ ചിലർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ചിലർ സംഭവത്തെ രാഷ്ട്രീയവത്കരിക്കുന്നത്. സംഭവം അന്വേഷിക്കുമെന്നും വനംവകുപ്പിന് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
9:10 AM: സാമ്പത്തിക തട്ടിപ്പ് പരാതിയിൽ പുതിയ ദൃശ്യങ്ങൾ പുറത്ത് വിട്ട് കൃഷ്ണകുമാറിൻ്റെ കുടുംബം
മകളുടെ കടയിലെ ജീവനക്കാർ പണം എടുത്തതായി സമ്മതിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വിട്ടിട്ടുള്ളത്. 40,000 രൂപ വരെ ഒരാൾ എടുത്തെന്ന് ജീവനക്കാർ സമ്മതിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്. കൃഷ്ണകുമാറിന്റെ മകളായ അഹാനയുടെ നേതൃത്വത്തിൽ ജീവനക്കാരെ ചോദ്യം ചെയ്യുന്നതാണ് ദൃശ്യം.
ജീവനക്കാരുടെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ അഹാന ചോദിക്കുന്നുണ്ട്. നികുതി വെട്ടിക്കാൻ ദിയ പറഞ്ഞിട്ടാണ് പണം മാറ്റിയതെന്നായിരുന്നു ജീവനക്കാരുടെ വാദം. കൃഷ്ണകുമാറിൻ്റെ ഭാര്യ സിന്ദുവാണ് ദൃശ്യം യൂട്യൂബിലൂടെ പുറത്തുവിട്ടത്.
നേരത്തെ, സ്ഥാപനത്തിലെ ജീവനക്കാരായ മൂന്നുപേർക്കെതിരായ സാമ്പത്തിക തട്ടിപ്പ് പരാതിയിൽ തട്ടിപ്പിനിരയായവരുടെ പിന്തുണ തേടി സ്ഥാപന ഉടമയും നടൻ കൃഷ്ണകുമാറിൻ്റെ മകളുമായ ദിയ കൃഷ്ണ രംഗത്ത് വന്നിരുന്നു.
തട്ടിപ്പിനിരയായവർ തെളിവുകൾ പോലീസിന് കൈമാറണമെന്ന് ദിയ കൃഷ്ണ ഇൻസ്റ്റഗ്രാം ലൈവിലൂടെ അഭ്യർത്ഥിച്ചു. തട്ടിപ്പിനിരയായവർ തിരുവനന്തപുരം മ്യൂസിയം പോലീസിൽ കേസ് നൽകണമെന്നും ലൈവിൽ പറഞ്ഞു.
തന്റെ സ്ഥാപനത്തിലെ ജീവനക്കാരായ മൂന്നുപേർ അവരുടെ ക്യൂആർ കോഡ് ഉപയോഗിച്ച് ഉപഭോക്താക്കളിൽ നിന്ന് പണം കൈപറ്റിയതിനുള്ള തെളിവടക്കം കൈവശമുണ്ട്. പോലീസിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതി നൽകിയതിന് പിന്നാലെ ആരോപണവിധേയരായ മൂന്നുപേരും ദിയ കൃഷ്ണക്കും കൃഷ്ണകുമാറിനുമെതിരെ തട്ടിക്കൊണ്ടുപോകലിന് പരാതി നൽകിയിട്ടുണ്ട്.
9:05: AM സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്
ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് അലേർട്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ പതിനൊന്നാം തീയതി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. മത്സ്യബന്ധനത്തിന് തടസ്സമില്ല. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
9:00 AM: സ്കൂളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷാ ഓഡിറ്റിങ് ഉൾപ്പെടെ ഏഴു മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതായി സർക്കാർ ഹൈക്കോടതിയിൽ
വയനാട് സുൽത്താൻബത്തേരിയിൽ സർക്കാർ സ്കൂളിൽ 2019 ൽ വിദ്യാർഥിനി ക്ലാസ് മുറിയിൽവെച്ച് പാമ്പുകടിയേറ്റു മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ അഡ്വ. കുളത്തൂർ ജയ്സിങ് ഫയൽചെയ്ത ഹർജിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ഇറക്കിയ സർക്കുലറാണ് ഹാജരാക്കിയത്.
. ശൗചാലയങ്ങളിൽ വൃത്തിയും വെള്ളവും വെളിച്ചവും ഉറപ്പാക്കണം.
. സ്കൂളിൽ പ്രഥമശുശ്രൂഷാ കിറ്റ് വേണം.
. പ്രഥമശുശ്രൂഷയിൽ രണ്ട് ജീവനക്കാർക്കെങ്കിലും അടിസ്ഥാനപരിശീലനം നൽകണം.
. അടിയന്തര മെഡിക്കൽ സാഹചര്യങ്ങൾ നേരിടാൻ ചൈൽഡ് എമർജൻസി മെഡിക്കൽ റെസ്പോൺസ് പ്ലാൻ തയ്യാറാക്കണം. ആൻ്റിവെനം, പീഡിയാട്രിക് മെഡിക്കൽ കെയർ തുടങ്ങിയവ ലഭ്യമാക്കാൻ അടുത്തുള്ള ആശുപത്രിയുമായുള്ള ഏകോപനം.
. പാമ്പിനെ ഒഴിവാക്കാൻ വനംവകുപ്പുമായി ഏകോപനം. സ്കൂളിലും പരിസരങ്ങളിലും പരിശോധന നടത്തണം.
. തീപിടുത്തം, വെള്ളപ്പൊക്കം തുടങ്ങിയവ നേരിടാൻ ദുരന്തനിവാരണ അതോറിറ്റി, തദ്ദേശസ്ഥാപനം എന്നിവയുമായിച്ചേർന്ന് മോക്ക് ഡ്രിൽ നടത്തണം.
. നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് സ്കൂൾ മേധാവികളും മാനേജ്മെൻ്റും ഉറപ്പാക്കണം. ജില്ലാ വിദ്യാഭ്യാസ അധികൃതർ ഇടയ്ക്കിടയ്ക്ക് പരിശോധന നടത്തണം.