
പാലക്കാട് സ്പോര്‍ട്സ് ഹബ്ബ് നിര്‍മ്മിക്കുന്നതിന് മുന്നോടിയായി അകത്തേത്തറ ചാത്തന്‍കുളങ്ങര ദേവസ്വവും കേരള ക്രിക്കറ്റ് അസോസിയേഷനും പാട്ടക്കരാര്‍ ഒപ്പുവെച്ചു. ഒലവക്കോട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് നടന്ന ചടങ്ങിലാണ് 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബൃഹദ് പദ്ധതിയുടെ പാട്ടക്കരാര്‍ രജിസ്ട്രേഷന് പൂര്‍ത്തിയായത്.
കെ.സി.എ സെക്രട്ടറി വിനോദ് എസ് കുമാറും ക്ഷേത്രം മാനേജര്‍ ആര്. മണികണ്ഠനും ചേര്‍ന്നാണ് കരാറില്‍ ഒപ്പുവെച്ചത്.
ക്ഷേത്രം ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 21 ഏക്കര്‍ സ്ഥലത്താണ് കെസിഎ സ്പോര്‍ട്സ് ഹബ്ബ് നിര്‍മ്മിക്കുക. എല്ലാ ജില്ലകളിലും അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുകയെന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ പദ്ധതി. ക്ഷേത്രഭൂമി 33 വര്‍ഷത്തേക്കാണ് കെ.സി.എ പാട്ടത്തിനെടുത്തിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി രണ്ട് ക്രിക്കറ്റ് ഗ്രൗണ്ടുകള്‍, ഫ്ലഡ് ലൈറ്റ് സൗകര്യം, ക്ലബ് ഹൗസ്, നീന്തല്‍ക്കുളം, ബാസ്കറ്റ്ബോള്‍, ഫുട്ബോള്‍ കോര്‍ട്ടുകള്‍ തുടങ്ങി മറ്റ് കായിക ഇനങ്ങള്‍ക്കുള്ള സൗകര്യങ്ങളും ഒരുക്കും. ഗ്രൗണ്ട്, പവലിയന്, സ്പ്രിംഗ്ളര്‍ സിസ്റ്റം എന്നിവ ഉള്‍പ്പെടുന്ന ആദ്യഘട്ട നിര്‍മ്മാണം 2026-ല്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. രണ്ടാം ഘട്ടം 2027 ഏപ്രിലോടെയും പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ പദ്ധതിയിലൂടെ ക്ഷേത്രത്തിന് 10 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും പ്രതിവര്‍ഷം 21,35,000 രൂപ പാട്ടയിനത്തില്‍ വരുമാനമായും ലഭിക്കും.
ചടങ്ങില്‍ കെസിഎ വൈസ് പ്രസിഡന്റ് പി. ചന്ദ്രശേഖരൻ, പാലക്കാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി അജിത് കുമാർ, കെസിഎ മുൻ ജോയിന്റ് സെക്രട്ടറി സിയബുദീൻ, പാലക്കാട് ജില്ല ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ, ക്ഷേത്രം ട്രസ്റ്റി അംഗങ്ങളായ ബോര്‍ഡ് നന്ദകുമാർ, രാഘവൻ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.