
7:05 PM കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്, 6 സ്ത്രീകൾ ഉൾപ്പെടെ 9 പേർ അറസ്റ്റിൽ
കോഴിക്കോട് മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്. ആറ് സ്ത്രീകൾ ഉൾപ്പെടെ 9 പേരാണ് ഇവിടെ നിന്ന് അറസ്റ്റിലായിരിക്കുന്നത്. കോഴിക്കോട് മലാപ്പറമ്പിലെ ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിലാണ് പൊലീസ് പരിശോധന നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവിടെ റെയ്ഡിനെത്തിയത്. അറസ്റ്റിലായ 9 പേരില്‍ രണ്ട് പേര് ഇടപാടുകാരാണെന്ന് പൊലീസ് പറയുന്നു. ഇവരെ നടക്കാവ് സ്റ്റേഷനിലേക്ക് കൊണ്ടു പോയിരിക്കുകയാണ്. ഏറെ നാളായി ഇവിടെ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. പെട്ടെന്ന് ആരുടെയും ശ്രദ്ധ എത്തിച്ചേരുന്ന സ്ഥലമല്ല ഇതെന്നും പൊലീസ് വ്യക്തമാക്കുന്നു.
സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് അപ്പാര്‍ട്ട്മെന്റ് ഉടമയുടെ പ്രതികരണം. വാടകയ്ക്ക് കൊടുത്തത് ഫുട്ബോള്‍ ടീമിന്റെ ഫിസിയോ തെറാപ്പിസ്റ്റായ ഒരാള്‍ക്കാണ്. വാടക നല്‍കുന്നത് ഓണ്‍ലൈനായിട്ട് ആയതിനാൽ നേരിട്ട് ബന്ധപ്പെടേണ്ട ആവശ്യം ഉണ്ടായിട്ടില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.
രണ്ടു വർഷത്തിലേറെയായി വാടകയ്ക്ക് കൊടുത്തിരുന്ന അപ്പാർട്മെന്റിലാണ് റെയ്ഡുണ്ടായത്. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിക്ക് സമീപം നിരവധി വീടുകൾ ഉളള ഇടത്താണ് ഈ അപ്പാർട്മെന്റ് സ്ഥിതി ചെയ്യുന്നത്. ഫുട്ബോൾ പരിശീലനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരാൾക്കാണ് ഇവിടെ വാടകയ്ക്ക് നൽകിയിരുന്നതെന്ന് അപ്പാർട്മെന്റിന്റെ പാർട്നർമാരിൽ ഒരാളായ സുരേഷ് ബാബു പറഞ്ഞു.
രണ്ടു മാസം മുൻപ് ചില അയൽക്കാർ ഇവിടെയെത്തുന്നവരെക്കുറിച്ച് സംശയം അറിയിച്ചപ്പോൾ ഇവിടെയെത്തി അന്വേഷിച്ചിരുന്നു. എന്നാൽ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ചില ബന്ധുക്കളെ കാണാനെത്തുന്നവരാണ് അപ്പാർട്മെന്റിൽ എത്തുന്നതെന്നാണ് വീട് വാടകയ്ക്ക് എടുത്തവർ പറഞ്ഞിരുന്നതെന്നും ഇദ്ദേഹം പറഞ്ഞു. അപാർട്മെന്റിനെക്കുറിച്ച് ചിലർ പരാതി ഉയർത്തിയതിനെ തുടർന്നു സിറ്റി ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരുന്നു. പിടിയിലായവരെ നടക്കാവ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
6:40 PM: ഗോകുലം കേരള എഫ്സിയുടെ മുഖ്യ പരിശീലകനായി ജോസ് ഹെവിയ.

വരാനിരിക്കുന്ന 2025–26 സീസണിന് മുന്നോടിയായി സീനിയർ പുരുഷ ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി ജോസ് ഹെവിയയെ നിയമിച്ച് ഗോകുലം കേരള എഫ്സി. സ്പെയിനുകാരനായ ജോസ് ഹെവിയ, ഇന്ത്യൻ ഫുട്ബോളിൽ ധാരാളം അനുഭവസമ്പത്തുള്ള കോച്ചാണ്. മലബാറിയൻസിന്റെ ആക്രമണ ഫുട്ബോളിനോട് പൂർണ്ണമായും യോജിക്കുന്ന കളിമികവാണ് ജോസ് ഹെവിയയുടെയും മുഖ മുദ്ര.
യുവേഫ പ്രോ ലൈസൻസ് ഉടമയായ ഹെവിയ, മുൻ ഐ ലീഗ് സീസണിൽ ഷില്ലോങ് ലജോങ് എഫ്സിയുയുടെ കോച്ച് ആയിരുന്നു. അദ്ദേഹത്തിനു കീഴിൽ , ഷില്ലോങ് ലജോങ് 2024–25 ഐ-ലീഗ് സീസണിലെ ഏറ്റവും കൂടുതൽ ഗോൾ സ്കോറിംഗ് നടത്തിയ ടീമായിമാറി.
മിനർവ പഞ്ചാബ് എഫ്സി, പൂനെ സിറ്റി എഫ്സി, എഡി ഗിഗാന്റെ എന്നിങ്ങനെയാണ് മറ്റു മുൻ ക്ലബ്ബുകൾ.
“ജോസ് ഹെവിയയുടെ ആക്രമണ ഫുട്ബോൾ ക്ലബ്ബിന്റെ ഫുട്ബോൾ ശൈലിയുമായി പൂർണ്ണമായും യോജിക്കുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, ഞങ്ങൾ രസകരമായ ഫുട്ബോൾ സൃഷ്ടിക്കുക മാത്രമല്ല, ഐ-ലീഗ് ട്രോഫി ഉയർത്തുകയും ഐഎസ്എല്ലിലേക്ക് യോഗ്യത നേടുകയും ചെയ്യുക എന്നുകൂടെയാണ് ആത്യന്തിക ലക്ഷ്യം” എന്ന് ഗോകുലം കേരള എഫ്സി പ്രസിഡന്റ് ശ്രീ. വി.സി. പ്രവീൺ പറഞ്ഞു.
“ഗോകുലം കേരള എഫ്സിയുടെ ഭാഗമാകാൻ എനിക്ക് ശരിക്കും ആവേശമുണ്ട്. ഇന്ത്യൻ ഫുട്ബോളിൽ ഒരുപാട് നേട്ടങ്ങളുണ്ടാക്കിയ ഒരു ക്ലബ്ബണിത് ഒരുമിച്ച്, നമുക്ക് വലിയ കാര്യങ്ങൾ നേടാനും സാധിക്കും, ചാമ്പ്യൻഷിപ്പ് ലക്ഷ്യമിടാനും കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു”.
എന്ന് ഹെഡ് കോച്ച് ജോസ് ഹെവിയ.
2020–21, 2021–22 സീസണുകളിൽ തുടർച്ചയായി ഐ-ലീഗ് കിരീടങ്ങൾ നേടിയ ഗോകുലം കേരള എഫ്സിക്ക് ലീഗിന്റെ അവസാനം കഴിഞ്ഞ മൂന്ന് എഡിഷനിലും മൂന്നാം സ്ഥാനമാണ് നേടാനായത്, വീണ്ടും ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താനും ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) എത്താനുമാണ് പുതിയ സീസണിൽ ടീം ലക്ഷ്യമിടുന്നത്.
6:30 PM: മുഖ്യമന്ത്രി പിണറായി വിജയൻ്റെ ബക്രീദ് ആശംസ
ത്യാഗത്തിന്റേയും സഹനത്തിന്റേയും ആത്മസമര്‍പ്പണത്തിന്റെയും സ്മരണ പുതുക്കിക്കൊണ്ട് നാം ബക്രീദ് ആഘോഷിക്കുകയാണ്.
ലോക മുസ്ലീങ്ങളുടെ പരിശുദ്ധ ആഘോഷമായ ബക്രീദ് മലയാളികളുടെ ബലി പെരുന്നാൾ അല്ലെങ്കിൽ വലിയ പെരുന്നാൾ ആണ്. വിശുദ്ധ ഹജ്ജ് കർമ്മത്തിന്റെ പരിസമാപ്തിയായ ബക്രീദ് മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്കാരം ത്യാഗമാണെന്ന് ഓർമിപ്പിക്കുന്ന ദിനം കൂടിയാണ്.
സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകകളാണ് ഓരോ ബക്രീദ് ആഘോഷവും. വിശ്വാസികൾ തങ്ങളുടെയത്രയും ശേഷിയില്ലാത്തവരെ ഓർക്കുന്നതും ചേർത്തുപിടിക്കുന്നതും അവരുമായി ഭക്ഷണവും സന്തോഷവും പങ്കുവയ്ക്കുന്നതും അനുകരണീയമാണ്.
സ്വന്തം സുഖ സന്തോഷങ്ങളുപേക്ഷിച്ച് മറ്റുള്ളവരുടെ നന്മയ്ക്കായി ആത്മാർപ്പണം ചെയ്യുന്ന മനുഷ്യരാണ് ലോകത്തെ പ്രകാശമാനമാക്കുന്നതെന്ന ഏറ്റവും മഹത്തായ സന്ദേശമാണ് ഓരോ ബക്രീദ് ദിനവും പകരുന്നത്. ജനങ്ങളില്‍ കൂടുതല്‍ ഐക്യവും സൗഹാര്‍ദവും അര്‍പ്പണ മനോഭാവവും ഉണ്ടാകാന്‍ ഈദിന്റെ സന്ദേശം ഉപകരിക്കട്ടെ.
ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും പരസ്പര സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും വലിയ പെരുന്നാൾ ആശംസകൾ നേരുകയാണ്.
5:42 PM: രഞ്ജി പണിക്കര്‍, നന്ദു, മുത്തുമണി, ശാലു റഹിം, ആഷ്ലി ഉഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രേവതി സുമംഗലി വര്‍മ്മ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഈ വലയം’ എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ റിലീസായി.
സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് എബി കാൽവിൻ സംഗീതം പകർന്ന് മഞ്ജരി ആലപിച്ച ” നീലക്കുയിലെ നീ വേണുവൂതി പാടിയോ….” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ഫിലിം ഫീസ്റ്റ് ക്രിയേഷൻസിന്റെ സഹകരണത്തോടെ ജി.ഡി.എസ്.എന്‍ (GDSN) എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോയ് വിലങ്ങന്‍പാറ നിര്‍മ്മിക്കുന്ന ” ഈ വലയം “എന്ന ചിത്രത്തിൽ സാന്ദ്ര നായര്‍, അക്ഷയ് പ്രശാന്ത്, മാധവ് ഇളയിടം,ഗീത മാത്തന്, സിദ്ര മുബഷീർ, അനീസ് അബ്രഹാം തുടങ്ങിയവരും അഭിനയിക്കുന്നു.
ഈ കാലഘട്ടത്തിന്റെ അനിവാര്യമായ ചില ചോദ്യങ്ങളിലേക്കും, അന്വേഷണങ്ങളിലേക്കും പ്രേക്ഷകരെ കൊണ്ടു ചെന്നെത്തിക്കുന്ന സാമൂഹിക പ്രസക്തമായ ഒരു വിഷയമാണ് ഈ ചിത്രത്തിൽ പ്രതിപാദനം ചെയ്യുന്നത്.
വിനോദ സഞ്ചാര ഭൂപടത്തില്‍ ഏറെ സ്ഥാനം നേടിയിട്ടുള്ള ദക്ഷിണേന്ത്യയിലെ ഹംപിയുടെ മനോഹാരിത പൂര്‍ണ്ണമായും ഒപ്പിയെടുത്തിട്ടുള്ള ഗാന ചിത്രീകരണ രംഗങ്ങള്‍ ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.
നവാഗതനായ ശ്രീജിത്ത് മോഹന്‍ദാസ് തിരക്കഥ സംഭാഷണം എഴുതുന്നു.
ബോളിവുഡില്‍ ഏറേ ശ്രദ്ധേനായ അരവിന്ദ് കമലാനന്ദൻ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
റഫീക്ക് അഹമ്മദ്, സന്തോഷ് വർമ്മ എന്നിവർ എഴുതിയ വരികള്‍ക്ക് ജെറി അമല്‍ദേവ്,എബി കാൽവിൻ എന്നിവർ ഈണം പകരുന്നു.
മധു ബാലകൃഷ്ണന്, ലതിക,മഞ്ജരി, സംഗീത,ദുര്‍ഗ്ഗ വിശ്വനാഥ്, വിനോദ് ഉദയനാപുരം എന്നിവരാണ് ഗായകര്‍.
എഡിറ്റർ-ശശികുമാര്‍,പ്രൊഡക്ഷൻ കണ്ട്രോളര്-ജോസ് വാരാപ്പുഴ, പ്രൊജക്ട് ഡിസൈനർ-ഷിഹാബ് അലി,വസ്ത്രാലങ്കാരം- ഷിബു താന്നിക്കാപ്പിള്ളി, ചമയം-ലിബിൻ മോഹനൻ, കലാസംവിധാനം-വിനോദ് ജോര്‍ജ്ജ്, പരസ്യകല- അട്രോകാർപെസ്.
ജൂൺ പതിമൂന്നിന് നന്ത്യാട്ട് റിലീസ് “ഈ വലയം” പ്രദർശനത്തിനെത്തിക്കുന്നു.
പി ആർ ഒ-എ എസ് ദിനേശ്.
4:47 PM: പ്രിയങ്ക ഗാന്ധി നിലമ്പൂരിലേക്ക്; 2 ദിവസം പ്രചാരണം നടത്തും
പ്രിയങ്ക ഗാന്ധി നിലമ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തും. ജൂണ്‍ 14,16 തീയതികള്‍ക്കിടയില്‍ ഏതെങ്കിലും രണ്ട് ദിവസമാകും പ്രചാരണത്തിന് എത്തുക.
റോഡ് ഷോയിലും പൊതുയോഗത്തിലും പങ്കെടുക്കും. സ്വന്തം മണ്ഡലമാണ് എന്ന പരിഗണയിലാണ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക എത്തുന്നത്. മുഖ്യമന്ത്രിയും പ്രിയങ്കയും ഒരേ ദിവസം നിലമ്പൂരില്‍ ഉണ്ടാകും.
2:00 PM: അമീബിക്ക് മസ്തിഷ്ക ജ്വരം: രോഗ നിര്‍ണയത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി ആരോഗ്യ വകുപ്പ്
സംസ്ഥാനത്ത് മസ്തിഷ്ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമീബകളെ കണ്ടെത്താനുള്ള മോളിക്യുലര്‍ സങ്കേതം വിജയം
തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) കണ്ടെത്താനായി സംസ്ഥാനത്ത് സജ്ജമാക്കിയ മോളിക്യുലാര്‍ ലാബിലൂടെ ആദ്യത്തെ അമീബയുടെ രോഗ സ്ഥിരീകരണം നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അമീബിക്ക് മസ്തിഷ്ക ജ്വരത്തിന്റെ പ്രതിരോധത്തിനായി സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ മനുഷ്യരില്‍ മസ്തിഷ്ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമിബകളെ (Naegleria fowleri, Acanthamoeba sp., Vermamoeba vermiformis, Balamuthia mandrillaris, Paravahlkampfia francinae) കണ്ടെത്താനുള്ള പിസിആര്‍ ലാബ് സജ്ജമാക്കിയിരുന്നു.
ഇതിലാണ് അക്കാന്തമീബ (Acanthamoeba) എന്ന അമീബയെ കണ്ടെത്തയതും സ്ഥീരികരിച്ചതും. നേരത്തെ പിജിഐ ചണ്ഡിഗഢിലായിരുന്നു അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നത്. സംസ്ഥാനത്ത് തന്നെ രോഗ സ്ഥിരീകരണം സാധ്യമായതോടെ ചികിത്സയ്ക്കും ഗവേഷണത്തിനും ഏറെ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.
അമീബിക്ക് മസ്തിഷ്ക ജ്വരം പ്രതിരോധത്തില്‍ കേരളം മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ആഗോള തലത്തില്‍ 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ മരണ നിരക്ക് 23 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചു.
ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയും സമയബന്ധിതമായ മികച്ച ചികിത്സയിലൂടെയുമാണ് ഈ നേട്ടം കൈവരിക്കാനായത്. അമീബയെ പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ (വണ്‍ ഹെല്‍ത്ത്) അധിഷ്ഠിതമായി ആക്ഷന്‍ പ്ലാന്‍ സംസ്ഥാനം പുതുക്കിയിരുന്നു. രോഗ പ്രതിരോധം, രോഗ നിര്‍ണയം, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിനുള്ള സമഗ്ര ആക്ഷന്‍ പ്ലാനാണ് തയ്യാറാക്കിയത്. മസ്തിഷ്ക ജ്വരം സംശയിക്കുന്ന എല്ലാ രോഗികളിലും അമീബിക്ക് മസ്തിഷ്ക ജ്വരം നിര്‍ണയിക്കാനുള്ള പരിശോധന കൂടി നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബിന് പുറമേ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേയും മൈക്രോബയോളജി വിഭാഗങ്ങളെ കൂടി അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ രോഗനിര്‍ണയത്തിനായുള്ള വിദഗ്ധ കേന്ദ്രങ്ങളായി വികസിപ്പിച്ചെടുക്കും.
1:22 PM: യാത്ര ഷൈനിന്റെ ചികിത്സയ്ക്ക്, ഇടതുകൈയുടെ എല്ലുപൊട്ടി; അപകടകാരണം ഡ്രൈവർ ഉറങ്ങിയതോ?
1:19 PM: നിലമ്പൂരില്‍ തെരഞ്ഞെടുപ്പ്: മത്സര രംഗത്തുള്ള 10 സ്ഥാനാര്‍ഥികളും അനുവദിച്ച ചിഹ്നങ്ങളും
1. അഡ്വ. മോഹന്‍ ജോര്‍ജ് (ഭാരതീയ ജനതാ പാര്‍ട്ടി) – താമര
2. ആര്യാടന് ഷൗക്കത്ത് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) – കൈ
3. എം. സ്വരാജ് (സി.പി.ഐ-എം) – ചുറ്റികയും അരിവാളും നക്ഷത്രവും
4. അഡ്വ. സാദിക് നടുത്തൊടി (സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) – ബലൂൺ
5. പി.വി അന്‍വര്‍ (സ്വതന്ത്രന്) – കത്രിക
6. എന്‍. ജയരാജന് (സ്വതന്ത്രന്) – ടെലിവിഷൻ
7. പി. രാധാകൃഷ്ണന് നമ്പൂതിരിപ്പാട് (സ്വതന്ത്രന്) – കിണർ
8. വിജയന് (സ്വതന്ത്രന്) – ബാറ്റ്
9. സതീഷ് കുമാര്‍ ജി. (സ്വതന്ത്രന്) – ഗ്യാസ് സിലിണ്ടർ
10. ഹരിനാരായണന് (സ്വതന്ത്രന്) – ബാറ്ററി ടോർച്ച്
12:55 PM: തെന്നല ബാലകൃഷ്ണപിള്ളയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അനുശോചനം
സർവ്വാദരണീയനും മാന്യനുമായ രാഷ്ട്രീയ നേതാവിനെയാണ് ശ്രീ തെന്നല ബാലകൃഷ്ണപിള്ളയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്.നിരവധി പതിറ്റാണ്ടുകൾ കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ സാനിധ്യമായി ഉയർന്ന് നിന്ന വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്നു അദ്ദേഹം.
വാർഡ് പ്രസിഡണ്ട് മുതൽ കെപിസിസി പ്രസിഡണ്ട് വരെയുള്ള ചുമതലകൾ നിർവഹിച്ച അദ്ദേഹം ആ പരിചയസമ്പത്ത് വാക്കിലും പ്രവൃത്തിയിലും കാത്തുസൂക്ഷിച്ചിരുന്നു. അധികാരവും, അധികാരമില്ലായ്മയും ഒരു പോലെയെന്ന് കണ്ട രാഷ്ട്രീയ ജീവിതത്തിനുടമായാണ്. സ്വന്തം പാർട്ടിയിലെ തർക്കങ്ങളിൽ എല്ലാ പക്ഷത്തിനും സ്വീകാര്യനായിരുന്ന നേതാവ് എന്നതാണ് തെന്നലയ്ക്ക് നൽകപ്പെട്ടിരുന്ന വിശേഷണം. വിഷയങ്ങളോട് അദ്ദേഹം കാണിച്ച പക്ഷപാതരഹിതവും വസ്തുനിഷ്ഠവുമായ നിലപാടാണ് അത്തരം ഒരു വിശേഷണത്തിന് അർഹനാക്കിയത്. നിയമസഭയിലും രാജ്യസഭയിലും ഏറെ വർഷങ്ങൾ അംഗമായിരുന്ന അദ്ദേഹം ഓരോ വിഷയത്തിലും സൂക്ഷ്മതയോടെയും അവധാനതയോടെയും ആണ് ഇടപെട്ടത്.
സഹകാരി എന്ന നിലയിൽ കേരളത്തിൻ്റെ സഹകരണ മേഖല ശക്തിപ്പെടുത്തുന്നതിനും അദ്ദേഹത്തിൻ്റെ സംഭാവന ഗണ്യമാണ്. വ്യക്തി താൽപര്യങ്ങൾക്ക് അതീതമായി പൊതു താൽപര്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന സവിശേഷമായ ഒരു രാഷ്ട്രീയ പൈതൃകമാണ് അദ്ദേഹം ബാക്കി വെയ്ക്കുന്നത്. സൗമ്യവും ശുദ്ധവും തെളിമയുറ്റതുമായ രാഷ്ട്രീയ ജീവിതമാണ് അദ്ദേഹം നയിച്ചത്. ശ്രീ തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
12:20 PM: 24 മണിക്കൂറിനിടെ കേരളത്തിൽ രണ്ട് കോവിഡ് മരണം; ആക്ടീവ് കേസുകൾ 1679
കേരളത്തിൽ 24 മണിക്കൂറിനിടെ രണ്ട് കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 74 വയസായ സ്ത്രീയും 79 കാരനായ പുരുഷനുമാണ് മരിച്ചത്.
കേരളത്തിൽ ആക്ടീവ് കോവിഡ് കേസുകൾ 1679 ആയി. കേരളത്തിലാണ് ഏറ്റവും അധികം കോവിഡ് രോഗികൾ ഉള്ളത് രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തിലും വർധനവുണ്ട്.
കോവിഡ് രോഗികളുടെ എണ്ണം 5000 കടന്നു. 5364 കേസുകളാണ് നിലവിൽ റിപ്പോർച്ച് ചെയ്തത്. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ എല്ലാ സംസ്ഥാനങ്ങളും സജ്ജമാകണമെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.
കോവിഡ് വ്യാപനത്തിന് കാരണം പുതിയ നാല് വകഭേദങ്ങളെന്നാണ് റിപ്പോർട്ട്. വ്യാപന ശേഷി കൂടുതലെങ്കിലും പകരുന്ന വകഭേദത്തിന് തീവ്രത കുറവെന്നാണ് വിലയിരുത്തൽ.
ഓക്സിജൻ, ബെഡുകൾ, വെന്റിലേറ്ററുകൾ, അവശ്യ മരുന്നുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കണം. രോഗ ലക്ഷണങ്ങൾ ഉള്ളവർ തിരക്കേറിയ സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാണമെന്നും കേന്ദ്രം നിർദേശിച്ചു.
11:53 AM: ബ്രസീലിന് സമനില പൂട്ട്: ആഞ്ചലോട്ടി എത്തിയിട്ടും രക്ഷയില്ല: അര്‍ജന്റീനയ്ക്ക് ജയം
11:52 AM: യമാല്‍ മാജിക് തുടരുന്നു: ഫ്രാന്‍സിനെ വീഴ്ത്തി സ്പെയിന് നാഷന്‍സ് ലീഗ് ഫൈനലില്‍
11:51 AM: തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു
9:55 AM ഇത് അനുവദിക്കരുത്, ഒരു ഹായ് പറയാന്‍ വന്നതാണ്; തരൂരിനോട് ചോദ്യം ചോദിച്ച് മകന്https://www.manoramaonline.com/news/latest-news/2025/06/06/donald-trump-halts-elon-musk-contracts.html
9:41 AM വാഹനാപകടം: ഷൈന്‍ ടോം ചാക്കോയുടെ പിതാവ് മരിച്ചു
നടന് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. പിതാവ് സി പി ചാക്കോ മരിച്ചു. തമിഴ്നാട്ടിലെ ധര്മ്മപുരിയ്ക്കടുത്ത് വച്ച് ഉണ്ടായ അപകടത്തില്‍ ഷൈനിനും അമ്മയ്ക്കും പരിക്കുണ്ട്. ഇവര്‍ പാല്ക്കോട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അപകടം ഉണ്ടായ ഉടനെ എല്ലാവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചാക്കോയുടെ ജീവന് രക്ഷിക്കാനായില്ല.
ഷൈനും പിതാവും മാതാവും സഹോദരനും ഡ്രൈവറുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
മുന്നില്‍ സഞ്ചരിച്ചിരുന്ന ലോറിയില്‍ കാര്‍ ഇടിച്ചുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം.